Friday, September 3, 2010

ചില പ്രമേഹ ചിന്തകള്‍

ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നതിന്റെ എല്ലാവിധ ടെന്‍ഷനും ഉള്ളിലൊതുക്കി ഒരു കൃത്രിമ ഗൌരവത്തോടെ ആശുപത്രി മാനേജരുടെ പുറകെ വച്ചുപിടിപ്പിച്ചു. അഞ്ചും പത്തും ഡിഗ്രികള്‍ വാലുകലായിട്ടുള്ള പല വിദ്വാന്മാരുടെയും പരിശോധന മുറികള്‍ പിന്നിട്ടു മൂലയ്ക്കുള്ള ഒരു കുടുസ്സു മുറിയുടെ മുന്നിലെത്തിയപ്പോള്‍ ഒരു രോമാഞ്ചം. ദേ തൂങ്ങിക്കിടന്നാടുന്നു നമ്മുടെ പേരെഴുതിയ ഒരു ബോര്‍ഡ്‌ .. അത്ഭുതമായത് മുറിക്കു മുന്നിലെ ആള്‍കൂട്ടമാണ്‌. ങേ... ഞാനിത്ര ഫേമസായോ.. അതും ജോലി ചെയ്യുന്നതിന് മുന്‍പ് തന്നെ...
അത്ഭുതം മാറാന്‍ അധികം സമയമെടുത്തില്ല. ഉള്ളിലേക്ക് കാലെടുത്തു കുത്തിയപ്പോള്‍ തന്നെ സിസ്റ്റര്‍ പറഞ്ഞു "സാര്‍ രണ്ടു പേര്‍ ചീട്ടെടുത്തിട്ടുണ്ട്" .. നിരാശ ഉള്ളിലൊതുക്കി വളരെ നിഷ്കളങ്കനായി ചോദിച്ചു " അവരുടെ കൂടെ വന്നതാകും അല്ലേ ആ പുറത്തിരിക്കുന്നവര്‍?"
അപ്പോളവരുടെ മുഖത്തു വിരിഞ്ഞ ഭാവത്തിനെയാണോ പുച്ഛം എന്ന് പറയുന്നതെന്നറിയില്ല. എന്തായാലും മറുപടി പെട്ടെന്നായിരുന്നു .." ഓ അത് മാത്യു സാറിന്റെ പേഷ്യന്‍സാ . അവിടെ സ്ഥലം ഇല്ലാത്തത് sകൊണ്ട് ഇവിടിരുക്കുന്നതാ "
"ഒരു നാള്‍ ഞാനും ഏട്ടനെപ്പോലെ വളരും വലുതാകുമെന്ന" ബ്രിട്ടാനിയയുടെ പാട്ട് മൂളിക്കൊണ്ട് ആദ്യത്തെ രോഗിയെ വിളിക്കാന്‍ സിസ്ടറോട്‌ പറഞ്ഞു.
സുന്ദരന്‍ ...സുന്ദരന്‍ ... " സിസ്റര്‍ വിളിച്ചു കൂവുകയാണ് ഒരു പത്തു പതിനഞ്ചു വിളി കഴിഞ്ഞപ്പോള്‍ സുന്ദരന്‍ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. സുന്ദരന്റെ സൌന്ദര്യം കണ്ടു കണ്ണ് ഫ്യൂസായെങ്കിലും എന്റെ ആദ്യ ഇര എന്ന നിലയില്‍ ഒരു പ്രത്യേക വാത്സല്യം തോന്നാതിരുന്നില്ല.
സുന്ദരന് പഞ്ചാരയാണ് പ്രശ്നം.. തന്നെ.. നമ്മുടെ പ്രമേഹം തന്നെ ..
"ഷുഗറിന്റെ ലെവല്‍ ഒട്ടും കണ്ട്രോള്‍ കിട്ടുന്നില്ല ഡോക്ടര്‍" ഒരു കെട്ടു പേപ്പര്‍ തന്റെ പോക്കറ്റില്‍ നിന്നെടുത്തു കൊണ്ട് സുന്ദരന്‍ മൊഴിഞ്ഞു. കാലാകാലങ്ങളായുള്ള സുന്ദരന്റെ ഷുഗര്‍ ടെസ്റ്റ്‌ റിപ്പോര്‍ട്ടുകള്‍ ആണവ. ഏറ്റവും അവസാനം ചെയ്തത് ആറു മുന്‍പാണ്. അന്നും ഇരുന്നൂറിന് മുകളില്‍ തന്നെ..
വയസ് നാല്‍പത്തഞ്ചായപ്പോഴേക്കും സുന്ദരന്‍ നാട്ടിലെ ഒരു പ്രമാണിയായി. സുന്ദരന് ഹോട്ടല്‍ ബിസിനെസ്സ് ആണ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു വരെ ഹോട്ടലില്‍ ഇരിക്കണം. മറ്റാരെയും വിശ്വാസമില്ലത്തത് കൊണ്ട് സുന്ദരന്‍ തന്നെയാണ് എപ്പോഴും കാഷില്‍. ഇടയ്ക്കിടെ ഓരോ ചായയും കുടിച്ചു മുറുക്കോ പക്കാവടയോ കൊറിച്ചുകൊണ്ട് അങ്ങനെയിരിക്കുന്നത് തന്നെ സുന്ദരന് ഒരു ഹരമാണ്. ഒരു കാറും സ്കൂട്ടറുമുല്ലത് കൊണ്ട് നടത്തം കഷ്ടി.
അഞ്ചു കൊല്ലത്തോലമായി ഈ മുടിഞ്ഞ പ്രമേഹം കണ്ടുപിടിച്ചിട്ട്. അന്ന് തുടങ്ങിയതാണ്‌ മരുന്നും മന്ത്രവും. ആദ്യം മാത്യു ഡോക്ടരെയായിരുന്നു കണ്ടിരുന്നത്‌. പിന്നീട് അവിടെ വല്ല്യ തിരക്കായപ്പോള്‍ വേറെ രണ്ടു ഡോക്ടര്‍മാരെയും കണ്ടു. സുന്ദരന് എല്ലാവരെയും ഇഷ്ടപെട്ടത് കൊണ്ട് എല്ലാവരും തരുന്ന മരുന്നുകളും കഴിക്കും രാവിലെ മാത്യു ഡോക്ടറുടെ ഡാവോനില്‍ ഉച്ചക്ക് അഷറഫ് ഡോക്ടര്‍ തന്ന കെ ഗ്ലിം രാത്രിയില്‍ ടിവിയിലെ പരസ്യത്തില്‍ കണ്ട ആയുര്‍വേദ ഗുളിക. ചില ദിവസങ്ങളില്‍ മധുരം വല്ലതും കഴിച്ചാല്‍ ഗുളികകളുടെ എന്നമൊന്നു കൂട്ടും.
ബിസിനെസ്സില്‍ തിരക്കായതോടെ ആശുപത്രി വിസിറ്റുകളുടെ എണ്ണം വല്ലാതെ കുറഞ്ഞിട്ടുണ്ട് . ആറു മാസം മുന്‍പാണ് അവസാനമായി ഈ വഴി വന്നത്. ഈയിടയായി കാലിനു ഒരു ചെറിയ തരിപ്പ് അനുഭവപ്പെടുന്നു.
"എന്റെ ഡോക്ടറെ എനിക്ക് വേറെ ഒരു കുഴപ്പവുമില്ല" സുന്ദരന്‍ പറഞ്ഞവസാനിപ്പിക്കാനുള്ള പരിപാടിയാണ്.
"അല്ല സുന്ദരാ കാഴ്ചയൊക്കെ എങ്ങിനെ വല്ല മങ്ങലോ മറ്റോ?..."
"ഓ അത് വെള്ളെഴുത്തിന്റെ അല്ലേ? കണ്ണാശുപത്രിയിലോന്നു പോകനമെന്നുണ്ട്.."
നെഞ്ചു വേദന, ശ്വാസം മുട്ടല്‍ , നീര്, മൂത്രക്കുറവു തുടങ്ങി കരപ്പന്‍ പുഴുക്കടി വരെ വേറെ ഒരു കുഴപ്പവുമില്ലന്നു സുന്ദരന്‍ ആണയിട്ടു.
പിന്നെ രണ്ടു പാടും ഒന്ന് കണ്ണോടിച്ചിട്ടു സുന്ദരന്‍ തന്റെ നീറുന്ന ഒരു രഹസ്യം എന്റെ മുന്നില്‍ കെട്ടഴിച്ചു .." ഡോക്ടറെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി എനിക്ക് ഉദ്ധാരണക്കുരവുണ്ട് " .. താന്‍ പറഞ്ഞത് വാതില്‍ക്കല്‍ നില്‍ക്കുന്ന സിസ്റര്‍ കേട്ടില്ലെന്നു ഉറപ്പാക്കി ഒരു ദീര്‍ഖനിശ്വാസം വിട്ടുകൊണ്ട് സുന്ദരന്‍ എന്റെ മുഖത്ത് നോക്കി ഇരിപ്പായി.
പരിശോധനയില്‍ സുന്ദരന്റെ പ്രഷര്‍ 140/90 . മറ്റു കുഴപ്പങ്ങളൊന്നുമില്ല. അവസാനം കണ്ണൊന്നു പരിശോധിക്കാന്‍ ഒഫ്താല്മോസ്കോപ് എടുത്തപ്പോള്‍ സുന്ദരന്റെ മില്ല്യന്‍ ഡോളര്‍ ചോദ്യം വന്നു.. അല്ല ഡോക്ടറെ വെള്ളെഴുത്ത് നോക്കാനാണോ?
ഇത് വെള്ളെഴുത്ത് നോക്കാനല്ലെന്നും കണ്ണിന്റെ ഉള്ളിലുള്ള രക്തക്കുഴലുകളെ നോക്കാനാണെന്നും, അത് വഴി മറ്റു രക്തക്കുഴലുകളുടെ അവസ്ഥയെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കാനാണെന്നും സുന്ദരനെ പറഞ്ഞു മനസ്സിലാക്കാന്‍ പത്തു മിനിറ്റൊളമെടുത്തു. സുന്ദരന്റെ കണ്ണുകളില്‍ റെട്ടിനോപതിയുടെ ആദ്യ ലക്ഷണങ്ങളുണ്ട്‌. റെട്ടിനോപതി ഉണ്ടെങ്കില്‍ ഉറപ്പായിട്ടും നെഫ്രോപതി, അഥവാ കിഡ്നിയുടെ ബലക്ഷയം, ഉണ്ടാകുമെന്ന എഡ്വിന്‍ (എന്റെ മെഡിസിന്‍ അധ്യാപകനാണ് .. ആളുടെ കഥ വഴിയെ ) സാറിന്റെ മഹദ്വചനം ഉള്ളിലോര്‍ത്തു കൊണ്ട് (ഇത് വളരെ കോമണ്‍ ആയ ഒരു മെഡിസിന്‍ തിയറി ആണ് . അത് എഡ്വിന്‍ സാറിന്റെ മഹദ് വചനമായതിനു പിന്നിലെ കഥയും വഴിയെ ) സുന്ദരന് ഒരു ലോഡ് ടെസ്റ്റുകള്‍ എഴുതിക്കൊടുത്തു.
ഇത് വേണോ എന്ന നിലയില്‍ സുന്ദരന്‍ എന്നെയൊന്നു നോക്കി ... കാരണം സുന്ദരന് പഞ്ചാരയുടെ അസുഖം മാത്രമേ ഉള്ളൂ. ഇത് വരെ ആള്‍ പഞ്ചാര ടെസ്റ്റ്‌ മാത്രമേ ചെയ്തിട്ടുള്ളൂ. എഡോ പയ്യന്‍സ് കാശ് പിടുങ്ങാനുള്ള പണിയാണല്ലേ? സുന്ദരന്റെ മുഖത്ത് വിരിഞ്ഞ ജഗതി ബ്രാന്‍ഡ്‌ നവരസങ്ങളില്‍ നിന്ന് ഇതൊക്കെ വായിച്ചെടുക്കാനായി..
"സുന്ദരാ .." എന്റെ സര്‍വ്വ സ്നേഹവും സമാഹരിച്ചു ഞാന്‍ വിളിച്ചു " ഇതൊക്കെ നമുക്ക് അത്യാവശമായ ടെസ്റ്റുകള്‍ ആണ്. "
"നോക്കൂ... HbA1C എന്ന ഈ ടെസ്റ്റ്‌ താങ്കളുടെ മൂന്നു മാസത്തെ ഷുഗറിന്റെ ഒരു ശരാശരി വാല്യു കാണാനുള്ള ടെസ്റ്റ്‌ ആണ്. നോര്‍മല്‍ വാല്യു ആറില്‍ താഴെ ആണെങ്കിലും പ്രമേഹ രോഗിക്കത് എഴില്‍ താഴെ എന്നാണ് അമേരിക്കന്‍ ഡയബെറ്റിക്ക് അസോസിയേഷന്‍ പറഞ്ഞിട്ടുള്ളത്. " (സുന്ദരന്‍ ഒരു ക്യൂബാ മുകുന്ദന്‍ അല്ലാത്തത് കൊണ്ടും , ജമാ അതെയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാത്തതു കൊണ്ടും യാങ്കിയുടെ വാല്യു ഞാന്‍ അംഗീകരിക്കില്ലെന്നു പറഞ്ഞില്ല.)
"പിന്നെ എഴുതിയിരിക്കുന്ന യൂറിയ, ക്രിയാറ്റിനിന്‍, മൂത്ര പരിശോധന ഇവയെല്ലാം താങ്കളുടെ കിഡ്നി ഫങ്ഷന്‍ അറിയാനുള്ള ടെസ്റ്റുകള്‍ ആണ്."
സുന്ദരനൊന്നു ഇരുത്തി മൂളി .. ഞാന്‍ തുടര്‍ന്നു..
"ഈ കാണുന്ന ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ്‌ വളരെ പ്രധാനമാണ് ... എ ഡി എ (തന്നെ പഴയ യാങ്കി തന്നെ) പറഞ്ഞിട്ടുള്ളത് LDL നൂറില്‍ കുറവും, HDL നാല്‍പ്പതില്‍ കൂടുതലും , triglyceride 150 കുറവും വേണമെന്നാണ് . "
"ഇ സി ജി ഒന്ന് എടുക്കുന്നത് .... അറിയാമല്ലോ നമ്മുടെ മറ്റു രക്തക്കുഴലുകള്‍ പോലെ തന്നെ ഹൃദയത്തിലെ രക്തയോട്ടത്തിന്റെ കാര്യം...." ങ്ങും ങ്ങും അറിയാമെന്ന ഭാവത്തില്‍ സുന്ദരന്‍ തലയാട്ടി.
എങ്കില്‍ ഞാനിതെല്ലാം എടുത്തിട്ടു വരാമെന്ന് പറഞ്ഞു സുന്ദരന്‍ ചാടിയെഴുന്നേറ്റു.
"സുഹാസിനീ .... സുഹാസിനീ...." സിസ്ടരുടെ കളകൂജനം വീണ്ടും മുഴങ്ങി ..
(തുടരും)



-------------------------------------------------------------------------------------------------------
ഇതൊരു തുടരന്‍ ആക്കാനാണ് പരിപാടി. ചില കോമണ്‍ അസുഖങ്ങളെ കുറിച് നമ്മുടെ സമൂഹത്തിലുള്ള അജ്ഞത എത്രമാത്രമാണെന്ന് കാണുന്നത് കൊണ്ടാണീ ശ്രമം. ഇഷ്ടപെടുന്നെങ്കില്‍ അറിയിക്കുമല്ലോ ...

Sunday, October 19, 2008

goa






ചില ഗോവന്‍ ചിത്രങ്ങള്‍


Friday, July 4, 2008

പുതുമുഖം

ഞാനും എഴുതി തുടങ്ങുകയാ